കട്ടപ്പന: കാലവര്‍ഷം തകര്‍ത്തെറിഞ്ഞത് വര്‍ക്കിയുടെ വീടെന്ന സ്വപ്‌നം. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഏലപ്പാറ - കടുവാപ്പാറ സ്വദേശി മുത്തുകുഴിയില്‍ വര്‍ക്കിക്ക് തല ചായ്‌ക്കാന്‍ ഒരു കൊച്ചുവീട് സ്വന്തമായത്. കഴിഞ്ഞ ദിവസം ശക്തമായുണ്ടായ കാറ്റും മഴയും തകര്‍ത്തെറിഞ്ഞത് ഒരു കുടുംബത്തിന്റെ മുഴുവന്‍ സ്വപ്‌നങ്ങളായിരുന്നു. ഇ.എം.എസ് ഭവനപദ്ധതി പ്രാകരം 140000 രൂപ ചെലവഴിച്ച് പണിത വീടാണ് തകര്‍ന്നടിഞ്ഞത്. ശക്തമായ മഴയിലും കാറ്റിലും വീടിന്റെ മേല്‍കൂര ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ കയറികിടക്കാന്‍ ആകെയുണ്ടായിരുന്നു ആശ്രയവും നഷ്‌ടമായതിന്റെ ആഘാതത്തിലാണീ കുടുംബം.
വര്‍ക്കിയും ഭാര്യ വത്സമ്മയും രണ്ട് മക്കളുമാണ് ഇവിടെ താമസിക്കുന്നത്. പ്രായത്തിന്റെ അവശതകള്‍ മൂലം വര്‍ക്കിക്ക് തൊഴിലെടുക്കാനാവില്ല. മകന്‍ തമ്പി തിരുപ്പൂരിലാണ്. വത്സമ്മ കൂലിപ്പണിയെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇവരുടെ ജീവിതം മുമ്പോട്ട് പോകുന്നത്. ഏകദേശം ഒരു തക്ഷത്തോളം രൂപയുടെ നഷ്‌ടമാണ് ഈ കുടുംബത്തിനുണ്ടായിരിക്കുന്നത്. പുതുതായി പണി കഴിപ്പിച്ച വീട്ടില്‍ മൂന്നുമാസം പോലും തികച്ച് താമസിക്കാന്‍ ഈ കുടുംബത്തിനായിട്ടില്ല. നീണ്ട നാളുകള്‍ക്കൊടുവില്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമായെങ്കിലും പ്രകൃതിയുടെ സംഹാരതാണ്‌ഡവത്തില്‍ സര്‍വ്വതും നഷ്‌ടപ്പെട്ട് കയറികിടക്കാനിടമില്ലാതായ ഈ കുടുംബമിപ്പോള്‍ സര്‍ക്കാരിന്റെ കനിവിനായി കാത്തിരിക്കുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ