കണ്‍ട്രോള്‍ റൂം നമ്പരുകള്‍- 04862 232303, 232242 (കളക്‌ടറേറ്റ്‌), 04869 232077 (പീരുമേട്‌ താലൂക്ക്‌),
04868 232050 (ഉടുമ്പന്‍ചോല), 04862 222503 (തൊടുപുഴ), 04865 264231 (ദേവികുളം).

2011, ജൂൺ 6, തിങ്കളാഴ്‌ച

ദുരിതമഴ: അരക്കോടിയുടെ നാശം

തൊടുപുഴ: കാലവര്‍ഷം ശക്‌തമായതോടെ ജില്ലയുടെ കാര്‍ഷിക മേഖലയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായത്‌ വന്‍നാശനഷ്‌ടം. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ അഞ്ചുമാസത്തിനിടെ പകര്‍ച്ച വ്യാധികള്‍ പിടിപെട്ട്‌ ചികിത്സ തേടിയവരുടെ എണ്ണത്തില്‍ വന്‍ കുറവ്‌ ഉണ്ടായിട്ടുണ്ട്‌. ഡോക്‌ടര്‍മാരുടെയും ഫീല്‍ഡ്‌ സ്‌റ്റാഫിന്റെയും നിസഹകരണ സമരംമൂലമാണ്‌ രോഗബാധിതരുടെ യഥാര്‍ഥ കണക്ക്‌ ലഭ്യമാകാത്തത്‌.
ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വീടു തകര്‍ന്നും കാര്‍ഷികവിള നശിച്ചും 48.52 ലക്ഷം രൂപയുടെ നഷ്‌ടമാണ്‌ ഉണ്ടായത്‌. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്‌ ജനുവരി മുതല്‍ കഴിഞ്ഞ മാസം വരെ പനിയും മറ്റു പകര്‍ച്ച വ്യാധികളും പിടിപെട്ട്‌ 20,491 പേരാണ്‌ ചികിത്സ തേടിയത്‌. 2010 ല്‍ ഇത്‌ 35,223 ആയിരുന്നു. കഴിഞ്ഞവര്‍ഷം പ്രകൃതിക്ഷോഭത്തിലും പകര്‍ച്ചവ്യാധികള്‍ ബാധിച്ചും 21 ജീവനാണ്‌ പൊലിഞ്ഞത്‌. ഇത്തവണ മരണമൊന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. ജില്ലയില്‍ ഇതുവരെ 31.37 ലക്ഷം രൂപയുടെ കൃഷിനാശമാണ്‌ ഉണ്ടായത്‌. വീടു തകര്‍ന്ന്‌ 1.35 ലക്ഷത്തിന്റെ നഷ്‌ടമുണ്ടായി. 22 വീടുകളാണ്‌ തകര്‍ന്നത്‌. ഇതില്‍ 19 എണ്ണം ഭാഗികമായും മൂന്നെണ്ണം പൂര്‍ണമായും നശിച്ചു. ഇവയില്‍ രണ്ടെണ്ണം പീരുമേട്ടിലും ഒരെണ്ണം തൊടുപുഴയിലുമാണ്‌.
ശരാശരി മഴമാത്രമാണ്‌ ജില്ലയില്‍ ലഭിച്ചത്‌. ഇന്നലെവരെ 26 സെന്റീമീറ്റര്‍ മഴ ലഭിച്ചു. കലയന്താനിയിലും കല്‍ത്തൊട്ടിയിലും ഉരുള്‍പൊട്ടി കൃഷിനാശമുണ്ടായി. കലയന്താനിയില്‍ രണ്ടേക്കറിലെയും കല്‍ത്തൊട്ടിയില്‍ അരയേക്കറിലെയും കൃഷി നശിച്ചു.
കഴിഞ്ഞവര്‍ഷം പനി ബാധിച്ച്‌ 12 പേരും പ്രകൃതിക്ഷോഭത്തില്‍ ഒന്‍പതുപേരുമാണ്‌ മരിച്ചത്‌. ഏറ്റവും കൂടുതല്‍ പേര്‍ എലിപ്പനി ബാധിച്ചാണ്‌ മരിച്ചത്‌. ഒന്‍പതു പേര്‍. കൂടാതെ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, ചിക്കുന്‍ ഗുനിയ എന്നീ രോഗങ്ങള്‍ ബാധിച്ച്‌ ഓരോരുത്തരും മരിച്ചിരുന്നു. ഈ വര്‍ഷം പനി ബാധിച്ചുള്ള മരണം റിപ്പോര്‍ട്ടു ചെയ്‌തിട്ടില്ല. ഇത്തവണ ഏറ്റവും കൂടതല്‍ പേര്‍ ചികിത്സ തേടിയത്‌ വയറിളക്കം ബാധിച്ചാണ്‌. ഈ രോഗം ബാധിച്ച്‌ കഴിഞ്ഞവര്‍ഷം 6199 പേരും ഇത്തവണ 3671 പേരുമാണ്‌ ചികിത്സ തേടിയത്‌.
കഴിഞ്ഞ തവണ ഒന്‍പതുപേരുടെ മരണത്തിനിടയാക്കിയ എലിപ്പനിയുടെ ലക്ഷണം ഇത്തവണ 23 പേരില്‍ കണ്ടെത്തി. പക്ഷേ നാലുപേരില്‍ മാത്രമേ സ്‌ഥിരീകരിച്ചുള്ളു. കഴിഞ്ഞ വര്‍ഷം 13 പേരിലാണ്‌ എലിപ്പനി സ്‌ഥിരീകരിച്ചത്‌. 2010 ല്‍ ചിക്കന്‍ പോക്‌സ് ബാധിച്ച്‌ 717 പേരും ഈവര്‍ഷം 523 പേരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഇത്തവണ എട്ടു പേരില്‍ ഡെങ്കിപ്പനി സ്‌ഥിരീകരിക്കുകയും 28 പേരില്‍ രോഗലക്ഷണം കണ്ടെത്തുകയും ചെയ്‌തു. 2010 ല്‍ 56 പേരില്‍ ഈ രോഗം സ്‌ഥിരീകരിക്കുകയും 31 പേരില്‍ സംശയിക്കപ്പെടുകയും ചെയ്‌തിരുന്നു. കഴിഞ്ഞവര്‍ഷം 18 പേര്‍ക്കും ഇത്തവണ 12 പേര്‍ക്കും മലേറിയ ബാധിച്ചു. 2010 ല്‍ 39 പേര്‍ക്കു ബാധിച്ച മഞ്ഞപ്പിത്തം ഇത്തവണ എട്ടുപേരിലായി ചുരുങ്ങിയത്‌ ആശ്വാസം പകരുന്നു. കൂടാതെ ഇത്തവണ 18 പേര്‍ക്ക്‌ ടൈഫോയ്‌ഡും ബാധിച്ചിട്ടുണ്ട്‌. ഇപ്രാവശ്യം രണ്ടുപേരില്‍ രോഗലക്ഷണം കണ്ടെത്തിയെങ്കിലും ചിക്കുന്‍ ഗുനിയ സ്‌ഥിരീകരിച്ചിട്ടില്ല.രോഗപ്രതിരോധത്തിന്റെ ഭാഗമായി ഗര്‍ഭിണികള്‍ ജലദോഷം വന്നാല്‍പോലും എച്ച്‌1 എന്‍1 രോഗത്തിനുള്ള മരുന്ന്‌ കഴിക്കണമെന്ന്‌ ഡോക്‌ടര്‍മാര്‍ നിര്‍ദേശിക്കുന്നു.
ഗര്‍ഭിണികളില്‍ പ്രതിരോധശേഷി കുറവായതിനാല്‍ ഈ രോഗം വേഗത്തില്‍ പിടിപെടാന്‍ സാധ്യതയുണ്ട്‌. കൂടാതെ തൊഴിലുറപ്പ്‌ പദ്ധതി പ്രകാരം പണിയെടുക്കുന്നവരും ശ്രദ്ധിക്കണമെന്നും ഇവര്‍ പറയുന്നു. എലിപ്പനിക്കെതിരേയുള്ള മരുന്ന്‌ ഉപയോഗിക്കാനും നിര്‍ദേശിക്കുന്നുണ്ട്‌.
രോഗപ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഡോക്‌ടര്‍മാരും ഫീല്‍ഡ്‌ സ്‌റ്റാഫും നടത്തുന്ന സമരം ഇതിനെ സാരമായി ബാധിക്കുമെന്ന്‌ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌.
രോഗബാധിതരുടെ കൃത്യമായ വിവരം ആരോഗ്യ വിഭാഗത്തിന്‌ ലഭിക്കാത്തതിനാല്‍ ഏതെങ്കിലും മേഖല കേന്ദ്രീകരിച്ച്‌ രോഗങ്ങള്‍ പടര്‍ന്നാലും കണ്ടെത്താന്‍ കഴിയാത്ത സ്‌ഥിതിയാണ്‌. മാസങ്ങളായുള്ള സമരം അവസാനിപ്പിക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല. പ്രതിരോധ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്തുന്നുണ്ടെന്നാണ്‌ അധികൃതരുടെ ഭാഷ്യം.

2011, ജൂൺ 4, ശനിയാഴ്‌ച

കൂറ്റന്‍പാറ അടര്‍ന്നു വീണ്‌ ഏക്കറുകണക്കിന്‌ കൃഷിയിടം നശിച്ചു

വണ്ണപ്പുറം: പടിക്കകത്തിനു സമീപം കോട്ടപ്പാറ മലയില്‍ നിന്നും കൂറ്റന്‍പാറ അടര്‍ന്നു വീണ്‌ ഏക്കറുകണക്കിന്‌ കൃഷിയിടം നശിച്ചു. വ്യാഴാഴ്‌ച വൈകിട്ട്‌ ഏഴുമണിയോടെയാണ്‌ സംഭവം. കൂറ്റന്‍പാറ അടര്‍ന്ന്‌ പല ഭാഗങ്ങളായി ചിന്നി ചിതറി മുണ്ടന്‍മുടി ഭാഗത്തേക്ക്‌ പതിക്കുകയായിരുന്നു. രണ്ടു കിലോമീറ്ററോളം ദൂരത്തില്‍ വലിയ പാറകഷണങ്ങള്‍ കൃഷിയിടങ്ങളില്‍ പതിച്ചു. തലനാരിഴയ്‌ക്കാണ്‌ ആളുകള്‍ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്‌. ഈ മേഖലയിലെ നിരവധിയാളുകളുടെ റബര്‍മരങ്ങള്‍, തെങ്ങ്‌, കമുക്‌, കൊക്കോ, വാഴ തുടങ്ങിയവ പാറ വീണ്‌ നശിച്ചു. മുളക്കശ്ശേരില്‍ ജോസുകുട്ടിയുടെ 250 ഓളം റബര്‍ മരങ്ങളും തെങ്ങ്‌ കമുക്‌, കൊക്കോ എന്നിവയ്‌ക്കും നാശനഷ്‌ടം സംഭവിച്ചു. വലിയപറമ്പില്‍ തങ്കച്ചന്‍, മുളക്കശ്ശേരില്‍ ഷാജി, മുളക്കശേരില്‍ വത്സമ്മ, പ്ലാക്കല്‍ ജോസ്‌ എന്നിവരുടെ കൃഷിദേഹണ്‌ഡങ്ങളും നശിച്ചു. ഏക്കറുകണക്കിന്‌ കൃഷിദേഹണ്‌ഡങ്ങളാണ്‌ ഈ മേഖലയില്‍പാറ വീണ്‌ നശിച്ചിരിക്കുന്നത്‌. വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി വര്‍ഗീസ്‌, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഇന്ദു സുധാകരന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം റ്റി.എസ്‌ സിദ്ധാര്‍ത്ഥന്‍, വില്ലേജ്‌ കൃഷി ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. 50 ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടം സംഭവിച്ചതായി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി വര്‍ഗീസ്‌ അറിയിച്ചു.

2011, ജൂൺ 3, വെള്ളിയാഴ്‌ച

അടിമാലിയില്‍ `ദുരിതവര്‍ഷം'

അടിമാലി: കാലവര്‍ഷം കനത്തതോടെ ആറു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചില്ലിത്തോട്‌ മേലേത്തു ശാന്തമ്മ, പടിക്കപ്പ്‌ മറ്റനാനില്‍ ഓമനകുമാരന്‍, പത്താംമൈല്‍ കുന്നേല്‍ റെജി ജേക്കബ്‌, ഒഴുവത്തടം പുല്ലലാട്ട്‌ ബിന്ദു പ്രമോദ്‌, ഇരുമ്പുപാലം തോണിപ്പാറ ശ്രീധരന്‍, ഇരുന്നൂറേക്കര്‍ ചാവര്‍നാല്‍ ഷാജി എന്നിവരുടെ വീടുകളാണു ഭാഗികമായി തകര്‍ന്നത്‌.വെള്ളത്തൂവല്‍ കുത്തുപാറ പുത്തന്‍പുരയ്‌ക്കല്‍ നാരായണന്റെ വീട്‌ കനത്ത മഴയില്‍ ഭാഗികമായി തകര്‍ന്നു.

മാങ്കുളത്തു മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്‌. പെരുമ്പന്‍കുത്ത്‌ കടംതോട്ടത്തില്‍ ജോയിക്കുട്ടി, വിരിപാറ പന്തനാനിക്കല്‍ ബേബി ചാക്കോ, ആനക്കുളം ഭാരതിയമ്മ, മാരിയപ്പന്‍ എന്നിവരുടെ വീടുകളാണു ഭാഗികമായി തകര്‍ന്നത്‌. 


കനത്ത മഴയില്‍ ദേവികുളം താലൂക്കില്‍ ഇരുപതോളം വീടുകള്‍ക്കു നാശനഷ്‌ടമുള്ളതായി കണക്ക്‌.കഴിഞ്ഞ ഒന്നിനു 18 സെന്റിമീറ്റര്‍ മഴ ലഭിച്ചെങ്കില്‍ ഇന്നലെ രാവിലത്തെ കണക്കു പ്രകാരം എട്ടു സെന്റിമീറ്റര്‍ മാത്രമാണു ലഭിച്ചത്‌.മന്നാംകണ്ടം വില്ലേജില്‍ വാളറ, പഴമ്പിള്ളിച്ചാല്‍ എന്നിവിടങ്ങളില്‍ ഒന്‍പതു വീടുകള്‍ ഭാഗികമായി നശിച്ചു. 15 പേരുടെ സ്‌ഥലത്തു മണ്ണിടിഞ്ഞു നാശനഷ്‌ടം ഉണ്ടായി. കൊട്ടക്കാമ്പൂരില്‍ ഒരു വീട്‌ പൂര്‍ണമായും മൂന്നെണ്ണം ഭാഗികമായും നശിച്ചു. വെള്ളത്തൂവലിലും വട്ടവടയിലും ഓരോ വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചിലന്തിയാറില്‍ ഉണ്ടായിരുന്ന മരപ്പാലം ഒലിച്ചുപോയി.  

കാലവര്‍ഷം തകര്‍ത്തെറിഞ്ഞത്‌ വീടെന്ന സ്വപ്‌നം

കട്ടപ്പന: കാലവര്‍ഷം തകര്‍ത്തെറിഞ്ഞത്‌ വര്‍ക്കിയുടെ വീടെന്ന സ്വപ്‌നം. നീണ്ട കാത്തിരിപ്പിനൊടുവിലാണ്‌ ഏലപ്പാറ - കടുവാപ്പാറ സ്വദേശി മുത്തുകുഴിയില്‍ വര്‍ക്കിക്ക്‌ തല ചായ്‌ക്കാന്‍ ഒരു കൊച്ചുവീട്‌ സ്വന്തമായത്‌. കഴിഞ്ഞ ദിവസം ശക്തമായുണ്ടായ കാറ്റും മഴയും തകര്‍ത്തെറിഞ്ഞത്‌ ഒരു കുടുംബത്തിന്റെ മുഴുവന്‍ സ്വപ്‌നങ്ങളായിരുന്നു. ഇ.എം.എസ്‌ ഭവനപദ്ധതി പ്രാകരം 140000 രൂപ ചെലവഴിച്ച്‌ പണിത വീടാണ്‌ തകര്‍ന്നടിഞ്ഞത്‌. ശക്തമായ മഴയിലും കാറ്റിലും വീടിന്റെ മേല്‍കൂര ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ കയറികിടക്കാന്‍ ആകെയുണ്ടായിരുന്നു ആശ്രയവും നഷ്‌ടമായതിന്റെ ആഘാതത്തിലാണീ കുടുംബം. വര്‍ക്കിയും ഭാര്യ വത്സമ്മയും രണ്ട്‌ മക്കളുമാണ്‌ ഇവിടെ താമസിക്കുന്നത്‌. പ്രായത്തിന്റെ അവശതകള്‍ മൂലം വര്‍ക്കിക്ക്‌ തൊഴിലെടുക്കാനാവില്ല. മകന്‍ തമ്പി തിരുപ്പൂരിലാണ്‌. വത്സമ്മ കൂലിപ്പണിയെടുത്ത്‌ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ്‌ ഇവരുടെ ജീവിതം മുമ്പോട്ട്‌ പോകുന്നത്‌. ഏകദേശം ഒരു തക്ഷത്തോളം രൂപയുടെ നഷ്‌ടമാണ്‌ ഈ കുടുംബത്തിനുണ്ടായിരിക്കുന്നത്‌. പുതുതായി പണി കഴിപ്പിച്ച വീട്ടില്‍ മൂന്നുമാസം പോലും തികച്ച്‌ താമസിക്കാന്‍ ഈ കുടുംബത്തിനായിട്ടില്ല. നീണ്ട നാളുകള്‍ക്കൊടുവില്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമായെങ്കിലും പ്രകൃതിയുടെ സംഹാരതാണ്‌ഡവത്തില്‍ സര്‍വ്വതും നഷ്‌ടപ്പെട്ട്‌ കയറികിടക്കാനിടമില്ലാതായ ഈ കുടുംബമിപ്പോള്‍ സര്‍ക്കാരിന്റെ കനിവിനായി കാത്തിരിക്കുകയാണ്‌.

ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും

തൊടുപുഴ: കാലവര്‍ഷം കനത്തതോടെ ഇടുക്കി ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. പലയിടത്തും വ്യാപക കൃഷിനാശമുണ്ടായതോടെ കര്‍ഷകര്‍ ദുരിതത്തിലായി. കാറ്റിലും മഴയിലും വൈദ്യുത- ടെലിഫോണ്‍ ബന്ധങ്ങള്‍ താറുമാറായി. അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ന്നു. വെള്ളിയാമറ്റം പഞ്ചായത്തിലെ കൊന്താലപ്പള്ളിക്ക്‌ സമീപം ഉരുള്‍പൊട്ടി രണ്ടേക്കര്‍ കൃഷി നശിച്ചു. ഏലം, കാപ്പി, കുരുമുളക്‌, വാഴ വിളകളും വ്യാപകമായി നശിച്ചു. മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ മണ്ണിടിഞ്ഞ്‌ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

കാലവര്‍ഷം ശക്‌തമായതോടെ ഇടുക്കി ജലസംഭരണികളില്‍ ജലനിരപ്പുയര്‍ന്നു. ഇന്നലെ രാവിലെ എട്ടിന്‌ അണക്കെട്ടിലെ ജലനിരപ്പ്‌ 2319.58 അടിയായിരുന്നു. മുന്‍വര്‍ഷം ഇതേ ദിവസം ഇത്‌ 2311.3 അടിമാത്രമായിരുന്നു. ജലനിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടര്‍ ഇന്നലെ പുലര്‍ച്ചെ തുറന്നു. ഹൈറേഞ്ചില്‍ കാലവര്‍ഷം ശക്‌തിപ്പെട്ടതിനെത്തുടര്‍ന്നു പെരിയാര്‍ കരകവിഞ്ഞൊഴുകുകയാണ്‌. പെരിയാറിന്റെ തീരമേഖലകളില്‍ കൃഷി ചെയ്‌തിരുന്ന ഒട്ടേറെ കാര്‍ഷിക വിളകള്‍ വെള്ളത്തില്‍ മുങ്ങി. ബുധനാഴ്‌ച രാത്രിയില്‍ പെയ്‌ത കനത്ത മഴയിലാണു പെരിയാര്‍ കരകവിഞ്ഞൊഴുകിയത്‌. തീരമേഖലകളില്‍ കൃഷി ചെയ്‌തിരുന്ന കപ്പയും വാഴയും ഉള്‍പ്പെടെയുള്ള വിളകളാണ്‌ വെള്ളംകയറി നശിച്ചത്‌. ഇതു കൂടാതെ മറ്റു പല സ്‌ഥലങ്ങളിലും കൃഷി ചെയ്‌തിരുന്ന ആയിരക്കണക്കിനു വാഴകളും കാറ്റിലും മഴയിലും നശിച്ചിട്ടുണ്ട്‌.

പഴയരിക്കണ്ടം
- തട്ടേക്കല്ല്‌ ഭാഗത്തുണ്ടായ ശക്‌തമായ കാറ്റിലും പേമാരിയിലും വ്യാപകമായ കൃഷിനാശം. കുലച്ച വാഴകളാണ്‌ നശിച്ചതിലേറെയും. കനത്ത മഴയില്‍ വട്ടവടയില്‍ വീണ്ടും വീടുകള്‍ തകര്‍ന്നു.ഏലപ്പാറ - ഉപ്പുതറ റൂട്ടില്‍ മണ്ണിടിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ തകരാറിലായി. താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി ഒരു ഡസനോളം വീടുകള്‍ ഭാഗീകമായി തകര്‍ന്നു. ഏലപ്പാറ പഞ്ചായത്ത്‌ ഹൈസ്‌കൂളിനു സമീപം മണ്‍തിട്ട ഇടിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു.

വെള്ളിയാമറ്റം പഞ്ചായത്തിലെ കലയന്താനി കൊന്താലപ്പള്ളിക്ക്‌ സമീപം ഉരുള്‍പൊട്ടി രണ്ടേക്കറോളം സ്‌ഥലത്തെ റബറും തേക്കും ഉള്‍പ്പെടെയുള്ള കൃഷികള്‍ നശിച്ചു. പറമ്പുകാട്ട്‌ മലയുടെ പടിഞ്ഞാറേ ഭാഗത്തിനു താഴ്‌ഭാഗത്താണ്‌ ഉരുള്‍പൊട്ടിയത്‌. മുണ്ടമറ്റം വര്‍ഗീസിന്റ ഉടമസ്‌ഥതയിലുള്ള റബര്‍ തോട്ടമാണ്‌ ഉരുളില്‍ നശിച്ചത്‌. പതിനഞ്ചേക്കര്‍ വരുന്ന തോട്ടത്തിന്റെ മുകള്‍ ഭാഗത്തുനിന്നാണ്‌ ഉരുള്‍ ഉത്ഭവിച്ചത്‌. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. തോട്ടത്തിനു മുകളിലുള്ള തേക്കു തോട്ടത്തില്‍നിന്ന്‌ ആരംഭിച്ച ഉരുള്‍ താഴേക്ക്‌ പതിക്കുകയായിരുന്നു. റബര്‍ തോട്ടത്തിന്റെ മധ്യഭാഗത്തുകൂടി താഴേക്ക്‌ ഒഴുകിയ ഉരുളില്‍ മുപ്പത്‌ തേക്കുകളും ഇരുനൂറോളം റബര്‍ മരങ്ങളും നശിച്ചു. വലിയ റബര്‍ തോട്ടത്തിന്റെ മധ്യഭാഗത്തുകൂടി ഉരുള്‍പോയതിനാല്‍ മറ്റ്‌ അപകടം ഉണ്ടായില്ല.

ഉരുളിനോടൊപ്പം എത്തിയ മലവെള്ളം തോട്ടത്തിനു നടുവിലുള്ള ചെറിയ തോട്ടിലൂടെ ഒഴുകുകയായിരുന്നു. മുകളില്‍നിന്ന്‌ താഴേക്ക്‌ പതിച്ച ഉരുളില്‍ ഒഴുകിയെത്തിയ മരങ്ങളും കല്ലും തോട്ടത്തില്‍ തന്നെയുള്ള ചെറിയ പാറയില്‍ തടഞ്ഞു നിന്നതിനാല്‍ താഴേക്ക്‌ കൂടുതല്‍ നാശം ഉണ്ടായില്ല. അല്‍പംകൂടി മാറിയാണ്‌ ഉരുള്‍ പോയതെങ്കില്‍ സമീപത്തെ രണ്ട്‌ വീടുകള്‍ക്ക്‌ വന്‍ ഭീഷണിയായി മാറിയേനെയെന്ന്‌ നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. റബര്‍ ഉള്‍പ്പെടെയുള്ള കൃഷികള്‍ നശിച്ചും മണ്ണ്‌ ഒലിച്ചുപോയും ലക്ഷങ്ങളുടെ നഷ്‌ടമാണ്‌ ഉണ്ടായിരിക്കുന്നത്‌. പതിറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ പറമ്പുകാട്ടു മലയില്‍ ഉരുള്‍പൊട്ടി വന്‍ നാശം നേരിട്ടിരുന്നു.

ഉരുള്‍ പൊട്ടലില്‍ വന്‍ കൃഷിനാശം ഉണ്ടായ വിവരം അറിഞ്ഞ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിബി ദാമോദരന്‍, മെംബര്‍മാരായ എം. മോനിച്ചന്‍, മനോജ്‌ തങ്കപ്പന്‍, വെള്ളിയാമറ്റം പഞ്ചായത്ത്‌ പ്രസിഡന്റ്‌ തങ്കമ്മ രാമന്‍, വൈസ്‌ പ്രസിഡന്റ്‌ എന്‍. വി. വര്‍ക്കി, പഞ്ചായത്ത്‌ മെംബര്‍മാരായ ജോയി മൈലാടി, മോഹന്‍ദാസ്‌ പുതുശേരി, മെര്‍ളി ജോസഫ്‌, ഷാജി വര്‍ഗീസ്‌, എം. ഐ. വിജയന്‍, ഷീബ രാജശേഖരന്‍, കൃഷി വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍, വില്ലേജ്‌ ഓഫിസര്‍ തുടങ്ങിയവര്‍ സ്‌ഥലത്ത്‌ എത്തിയിരുന്നു.

കുളമാവില്‍ ഭൂമി ഇടിഞ്ഞുതാണു
തൊടുപുഴ: പുതുതായി നിര്‍മാണം നടന്നുവരുന്ന വീടിനോടു ചേര്‍ന്നു ഭൂമി ഇടിഞ്ഞുതാണത്‌ ജനങ്ങളെ ആശങ്കയിലാക്കി. കുളമാവ്‌, പല്ലാങ്കല്‍ വര്‍ഗീസിന്റെ വീട്ടുമുറ്റത്താണ്‌ കിണറിന്റെ ആകൃതിയില്‍ ഭൂമി താഴ്‌ന്നത്‌. പുതിയതായി നിര്‍മിക്കുന്ന വീടിന്റെ മുറ്റത്ത്‌ ബുധനാഴ്‌ച വൈകിട്ട്‌ ചെറിയൊരു കുഴി രൂപപ്പെട്ടതായി വര്‍ഗീസിനു തോന്നി. ഇന്നലെ രാവിലെ എത്തിയപ്പോഴാണ്‌ ഇത്‌ 15 അടിയോളം താഴ്‌ചയില്‍ കിണറിന്റെ രൂപത്തില്‍ കാണപ്പെട്ടത്‌.ഇഎംഎസ്‌ പദ്ധതിയില്‍ നിര്‍മാണം നടന്നുവരുന്ന വീട്‌ അപകട നിലയിലാകുമോ എന്നാണ്‌ വര്‍ഗീസിന്റെ ഭയം. വിവരം അറിഞ്ഞ്‌ വില്ലേജ്‌ ഓഫിസ്‌ അധികൃതര്‍ സ്‌ഥലത്ത്‌ എത്തിയിരുന്നു.