കണ്‍ട്രോള്‍ റൂം നമ്പരുകള്‍- 04862 232303, 232242 (കളക്‌ടറേറ്റ്‌), 04869 232077 (പീരുമേട്‌ താലൂക്ക്‌),
04868 232050 (ഉടുമ്പന്‍ചോല), 04862 222503 (തൊടുപുഴ), 04865 264231 (ദേവികുളം).

2011, ഒക്‌ടോബർ 22, ശനിയാഴ്‌ച

ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച്‌ മുള്ളരിങ്ങാട്‌

വിവാഹത്തിനു പോകാനായി പുതുവസ്‌ത്രങ്ങള്‍ വാങ്ങി വീട്ടില്‍ മടങ്ങിയെത്തിയ തോമസിനെയും ഭാര്യ അന്നമ്മയെയും കാത്തിരുന്നതു ദുരന്തം. വനത്തില്‍നിന്നു ചൂരല്‍ വള്ളി ശേഖരിച്ച്‌ കൊട്ടയും വല്ലവും നിര്‍മിച്ച്‌ വിറ്റായിരുന്നു ഇവര്‍ അന്നന്നത്തെ അന്നത്തിനായി വഴി കണ്ടെത്തിയിരുന്നത്‌.

വെള്ളക്കയത്തുള്ള അന്നമ്മയുടെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തോമസും അന്നമ്മയും അഹോരാത്രം പണിയെടുത്ത്‌ രൂപ സ്വരുക്കൂട്ടി വച്ചിരുന്നു. ഇതുമായി ഇന്നലെ മുള്ളരിങ്ങാട്‌പോയി അന്നമ്മയ്‌ക്ക് സാരിയും ബ്ലൗസും തോമസിന്‌ ഷര്‍ട്ടും മുണ്ടും വാങ്ങി ഉച്ചയോടെയാണ്‌ വീട്ടിലെത്തിയത്‌. ഭക്ഷണത്തിനുശേഷം സമീപത്തു താമസിക്കുന്ന സഹോദരന്‍ ബെന്നിയുടെ വീട്ടില്‍ കൊട്ട നെയ്‌ത്ത് ജോലിക്കെത്തിയപ്പോഴാണു മഴ ആരംഭിച്ചത്‌. ചെറിയതോതില്‍പോലും മഴ ചെയ്‌താല്‍ മലയില്‍നിന്ന്‌ വെള്ളം കുത്തിയൊലിച്ച്‌ ഇവിടെ എത്താറുണ്ട്‌. ഇതിനാല്‍ മഴ ശക്‌തിപ്രാപിച്ചതോടെ വീടിനു മുറ്റത്തേക്ക്‌ ഒഴുകിയെത്തിയ മഴവെള്ളം വഴി തിരിച്ചുവിടാന്‍ തോമസും ഭാര്യയുംകൂടി ബെന്നിയുടെ വീട്ടില്‍നിന്നിറങ്ങി. ഈ സമയം ഉരുള്‍പൊട്ടിയെത്തി ഇവരെ കവര്‍ന്നെടുക്കുകയായിരുന്നു.

സിമന്റ്‌ ഇഷ്‌ടികകൊണ്ട്‌ നിര്‍മിച്ച ആസ്‌ബറ്റോസ്‌ ഷീറ്റുമേഞ്ഞ വീട്‌ പൂര്‍ണമായി ഉരുള്‍ കൊണ്ടുപോയി. ഉരുള്‍ കവര്‍ന്നെടുത്ത വീട്ടിലെ ചെറിയ ഇരുമ്പ്‌ അലമാരയിലാണ്‌ ആധാരവും റേഷന്‍ കാര്‍ഡും തുണികളും മറ്റും സൂക്ഷിച്ചിരുന്നത്‌. ഉരുള്‍വന്നുപോയ വഴിയില്‍ ചിതറിക്കിടന്ന ഇരുമ്പ്‌ അലമാരയില്‍ നിന്നു രക്ഷാപ്രവര്‍ത്തകര്‍ക്കു ലഭിച്ച പുതിയ സാരിയും ഷര്‍ട്ടുമെല്ലാം ദുരന്തത്തിന്റെ നേര്‍ക്കാഴ്‌ചയായി.

അലമാരക്കുള്ളിലെ ചെറിയ കള്ളിയില്‍നിന്ന്‌ 1500 ഓളം രൂപയും രക്ഷാപ്രവര്‍ത്തകര്‍ക്കു ലഭിച്ചു.

തൊഴിലാളി സ്‌ത്രീകള്‍ രക്ഷപെട്ടത്‌ തലനാരിഴയ്‌ക്ക്

തൊഴിലുറപ്പ്‌ പണിക്കെത്തിയ സ്‌ത്രീകള്‍ ഉരുള്‍പൊട്ടലില്‍നിന്നു രക്ഷപെട്ടത്‌ തലനാരിഴ്‌യ്ക്ക്‌. തെങ്ങുംതട്ടേല്‍ ടി.യു. പൗലോസിന്റെ പുരയിടത്തില്‍ തൊഴിലുറപ്പ്‌ പദ്ധതി പ്രകാരം ജോലിക്കെത്തിയതായിരുന്നു സമീപപ്രദേശത്ത്‌ താമസിക്കുന്ന 20 ഓളം സ്‌ത്രീകള്‍. ഉച്ചയ്‌ക്കുശേഷം ജോലിക്ക്‌ ഇറങ്ങിയപ്പോള്‍ ശക്‌തമായ മഴയും ഇടിമിന്നലും ഉണ്ടായതിനെ തുടര്‍ന്ന്‌ ഇവര്‍ ചേറാടിയില്‍ ഗോപിയുടെ വീട്ടില്‍ കയറി നില്‍ക്കുകയായിരുന്നു. ഈ സമയത്താണ്‌ മലമുകളില്‍നിന്ന്‌ ഉരുള്‍ പൊട്ടിയെത്തിയത്‌. ഗോപിയുടെ വീട്ടില്‍നിന്ന്‌ 50 മീറ്റര്‍ മാറിയാണ്‌ ദുരന്തത്തിനിരയായ തുരുത്തേല്‍ തോമസിന്റെ വീട്‌. തോമസിന്റെയും ഗോപിയുടെയും വീടിനു മധ്യത്തിലൂടെ വന്ന മലവെള്ളം ഗതിമാറി തോമസിന്റെ വീട്ടിലേക്കു പതിക്കുകയായിരുന്നു. വീട്‌ മലവെള്ള പാച്ചിലില്‍ കുത്തിയൊലിക്കുന്നതുകണ്ട ഇവര്‍ക്ക്‌ ഇനിയും ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. ബഹളമുണ്ടാക്കി ആളെക്കൂട്ടിയതും ആദ്യം രക്ഷാപ്രവര്‍ത്തനത്തിന്‌ ഇറങ്ങിയതും ഇവരായിരുന്നു.

മലവെള്ളപ്പാച്ചില്‍ പതിച്ചത്‌ പാറമടയില്‍

മുള്ളരിങ്ങാട്‌ മലയില്‍നിന്ന്‌ ഉരുള്‍പൊട്ടിയെത്തിയ മലവെള്ളപ്പാച്ചില്‍ പതിച്ചത്‌ പാറമടയില്‍. ഒരു കിലോമീറ്റര്‍ ഉയരത്തില്‍ മലയില്‍നിന്നെത്തിയ ഉരുള്‍ തുരുത്തേല്‍ തോമസിന്റെ വീട്ടില്‍ പതിച്ച്‌ അരകിലോമീറ്റര്‍ താഴ്‌വശത്ത്‌ വെടിക്കവലയിലുള്ള പാറമടയിലേക്കാണു പതിച്ചത്‌. ഇതിനുശേഷം ശക്‌തികുറഞ്ഞാണ്‌ മലവെള്ളം താഴേയ്‌ക്ക് ഒഴുകിയത്‌. ഇതിനാല്‍ പാറമടയ്‌ക്കു താഴ്‌വശത്തായി താമസിക്കുന്ന പത്തോളം കുടുംബങ്ങള്‍ സുരക്ഷിതരായി.

വെടിക്കവല പുന്നക്കപ്പടവില്‍ ബാബുവിന്റെ ഉടമസ്‌ഥതയിലുള്ളതാണു പാറമട. 15 വര്‍ഷം മുമ്പ്‌ മുള്ളരിങ്ങാട്‌-ചാത്തമറ്റം റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ്‌ ഇവിടെ പാറമട ആരംഭിച്ചത്‌. അന്‍പത്‌ അടിയിലേറെ താഴ്‌ചയുള്ള പാറമട പിന്നീട്‌ ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ്‌ ഇവിടെ ചെറിയ തോതില്‍ ഉരുള്‍ പൊട്ടിയിരുന്നു. ഇതിനുശേഷം രൂപപ്പെട്ട തോട്ടിലൂടെയാണ്‌ പാറമടയിലേക്ക്‌ ഉരുള്‍പൊട്ടിയെത്തിയത്‌.

ഉരുള്‍പൊട്ടല്‍ ഭീഷണിയൊഴിയാതെ

വെടിക്കവല വലിയകല്ലുംചാല്‍ മേഖല ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍. ദുരന്തത്തിനിരയായ തുരുത്തേല്‍ തോമസിന്റെ നാല്‌ സഹോദരങ്ങളും ചേറാടി വീട്ടില്‍ ഗോപിയുമാണ്‌ ഇവിടെ താമസിക്കുന്നത്‌. വനം വകുപ്പിന്റെ തേക്കുപ്ലാന്റേഷനായ ഇവിടെ മറ്റു പ്രദേശങ്ങളില്‍നിന്ന്‌ ഒറ്റപ്പെട്ടാണ്‌ സ്‌ഥിതി ചെയ്യുന്നത്‌.

കോട്ടപ്പാറ മലയില്‍നിന്നു രണ്ടു വര്‍ഷം മുമ്പു ഉരുള്‍പൊട്ടിയെത്തിയിരുന്നു. അന്നു കഷ്‌ടിച്ചാണ്‌ ഈ കുടുംബങ്ങള്‍ ദുരന്തത്തില്‍നിന്നു രക്ഷപെട്ടത്‌. മലമ്പ്രദേശമായതിനാല്‍ എന്തെങ്കിലും ദുരന്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമാണ്‌.

രക്ഷാപ്രവര്‍ത്തനത്തിന്‌ കൈകോര്‍ത്ത്‌

രക്ഷാപ്രവര്‍ത്തനത്തിന്‌ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും റവന്യൂ അധികൃതരും കൈകോര്‍ത്തു. ദുരന്തം നടന്ന്‌ ഒരുമണിക്കൂറിനുള്ളില്‍ പാറമടയില്‍ നിന്ന്‌ തോമസിന്റെ മൃതദേഹം കണ്ടെടുക്കാനായി.

ദമ്പതികള്‍ക്ക്‌ കണ്ണീരോടെ വിട
വണ്ണപ്പുറം: ഉരുള്‍പൊട്ടലിന്റെ ഭീതി വിട്ടൊഴിയും മുമ്പേ മുള്ളിരങ്ങാട്‌ ഗ്രാമം ദമ്പതികള്‍ക്ക്‌ കണ്ണീരോടെ വിടയേകി.
തിങ്കളാഴ്‌ച വൈകുന്നേരം ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച തുരുത്തേല്‍ തോമസ്‌ വര്‍ഗീസി (52)ന്റെയും ഭാര്യ അന്നമ്മയുടെയും മൃതദേഹങ്ങള്‍ പോസ്‌റ്റുമോര്‍ട്ടത്തിനുശേഷം ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ്‌ സഹോദരന്‍ ജോര്‍ജിന്റെ വസതിയില്‍ പൊതുദര്‍ശനത്തിന്‌ വച്ചത്‌. പ്രദേശത്ത്‌ ആദ്യമായി സംഭവിച്ച ദുരന്തത്തിന്റെ പ്രകമ്പനത്തില്‍ നിന്നു മുക്‌തിനേടാനാകാതെ മലയോര ജനത മുഴുവന്‍ തേങ്ങലടക്കിപ്പിടിച്ച്‌ ഇരുവരെയും കാണാന്‍ ഒഴുകിയെത്തി. സ്‌കൂള്‍ വിദ്യാര്‍ഥികളും പൊതുപ്രവര്‍ത്തകരുമടക്കം വന്‍ ജനാവലിയാണ്‌ ദമ്പതികള്‍ക്ക്‌ വിടയേകിയത്‌. പ്രത്യേകം തയാറാക്കിയ പന്തലില്‍ തോമസിനെയും അന്നമ്മയെയും ചേര്‍ന്നു വച്ചതോടെ മൗനം ഭഞ്‌ജിച്ച്‌ ദുഃഖം അണപൊട്ടി.
തോമസിന്റെ വന്ദ്യ വയോധികയായ മാതാവ്‌ മേരിയുടെ അലമുറകള്‍ ശിലാഹൃദയങ്ങളെപ്പോലും അലിയിക്കുന്ന രീതിയിലായിരുന്നു. രാവിലെ പലഹാര നിര്‍മാണ യൂണിറ്റിലേക്ക്‌ ജോലിക്കായി പോകുമ്പോള്‍ മുറ്റം അടിച്ചുകൊണ്ടിരുന്ന മരുമകളുടെയും വീടിന്റെ ഉമ്മറത്തിരുന്ന മകന്റെയും ഓര്‍മകള്‍ എടുത്തുപറഞ്ഞായിരുന്നു മാതാവിന്റെ വിലാപം. ഇതിനിടെ തോമസിന്റെ സഹോദരന്‍ സാജു മോഹാലസ്യപ്പെട്ട്‌ വീണു. തൊട്ടുപിന്നാലെ മറ്റൊരു സഹോദരന്‍ ബെന്നിയുടെ ഭാര്യയും മകളും ബോധമറ്റ്‌ നിലത്തുവീണു. പോലീസും നാട്ടുകാരും ചേര്‍ന്ന്‌ ഇവരെ അടിയന്തര ശുശ്രൂഷകള്‍ക്ക്‌ വിധേയമാക്കി. പൊതുദര്‍ശനത്തിനുവച്ച വീടും പരിസരവും ജനാവലിയെ ഉള്‍ക്കൊള്ളാനാകാതെ തിങ്ങിനിറഞ്ഞു. ഗ്രാമപഞ്ചായത്തുമെമ്പര്‍ ടി.യു.ജോസ്‌ ഉച്ചഭാഷിണിയിലൂടെ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന്‌ നിര്‍ദേശം നല്‍കുന്നുണ്ടായിരുന്നു.

മൃതദേഹം കാണുന്നതിന്‌ തിരക്കുകൂട്ടിയ ജനസഞ്ചയത്തെ നിരയായി കടത്തിവിട്ട്‌ കാളിയാര്‍ പോലീസും ജാഗരൂകരായി. ജലവിഭവവകുപ്പുമന്ത്രി പി.ജെ.ജോസഫിനുവേണ്ടിയും ജില്ലാ കലക്‌ടര്‍ ഇ.ദേവദാസിനുവേണ്ടിയും റീത്തുകള്‍ സമര്‍പ്പിക്കപ്പെട്ടു. ജില്ലാ പഞ്ചായത്തു പ്രസിഡന്റ്‌ അലക്‌സ് കോഴിമല, വൈസ്‌ പ്രസിഡന്റ്‌ ഇന്ദു സുധാകരന്‍, ഡി.സി.സി. പ്രസിഡന്റ്‌ റോയി.കെ.പൗലോസ്‌, സി.പി.എം.ജില്ലാ സെക്രട്ടറി എം.എം.മണി, ഇളംദേശം ബ്ലോക്കു പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിബി ദാമോദരന്‍, വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി.വര്‍ഗീസ്‌, വൈസ്‌ പ്രസിഡന്റ്‌ ഹൈറുന്നിസ ജാഫര്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ പി.എസ്‌.സിദ്ധാര്‍ഥന്‍, തൊടുപുഴ മുനിസിപ്പല്‍ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ജോസഫ്‌ ജോണ്‍, കേരള കോണ്‍ഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി എം.ജെ.ജേക്കബ്‌, തൊടുപുഴ എ.എസ്‌.പി: ആര്‍.നിഷാന്തിനി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ സിബി ജോസഫ്‌, എം.മോനിച്ചന്‍, വണ്ണപ്പുറം സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ കെ.എം.സോമന്‍, ഗ്രാമപഞ്ചായത്ത്‌ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സണ്ണി കളപ്പുര, മെമ്പര്‍മാരായ ലൈല രമേശ്‌, സി.ഇ.ഷെമീര്‍, ഡി.സി.സി. മെമ്പര്‍ ബേബി വട്ടക്കുന്നേല്‍, ടി.ആര്‍. ബഷീര്‍, സി.പി.ഐ. ജില്ലാ അസിസ്‌റ്റന്റ്‌ സെക്രട്ടറി മാത്യു വര്‍ഗീസ്‌ തുടങ്ങിയവരും ആദരാഞ്‌ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

മുള്ളരിങ്ങാട്‌ ലൂര്‍ദ്‌ പള്ളിവികാരി ഫാ.ജെയിംസ്‌ വടക്കേക്കുടി സംസ്‌കാര ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കി. പ്രത്യേകം തയാറാക്കിയ ഒരു കുഴിയില്‍ തന്നെ ഭാര്യാ ഭര്‍ത്താക്കന്‍മാരുടെ മൃതദേഹങ്ങള്‍ ജനസഞ്ചയം സാക്ഷിയാക്കി സംസ്‌കരിച്ചു

2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

കനത്ത മഴയില്‍ 52 വീട് തകര്‍ന്നു; ഉരുള്‍പൊട്ടല്‍, കൃഷിനാശം

തൊടുപുഴ: കനത്ത മഴയില്‍ നാല് വീട് പൂര്‍ണമായും 48 വീട് ഭാഗികമായും തകര്‍ന്നു. പെരുവന്താനം വില്ലേജില്‍ പതിനഞ്ച് ഇടങ്ങളില്‍ ചെറുതും വലുതുമായ ഉരുള്‍പൊട്ടലുണ്ടായി. പലേടത്തും വ്യാപകമായി കൃഷി നശിച്ചു. 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി റവന്യു അധികാരികള്‍ അറിയിച്ചു.

പെരിയാര്‍ ഉള്‍പ്പടെ പ്രധാന നദികളിലും കൈവഴികളിലും ജലനിരപ്പ് ഉയര്‍ന്നു. നദികളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ഭീതിയിലാണ്. ജില്ലയില്‍ ഏഴു സെന്റീമീറ്റര്‍ മഴയാണ് ഇരുപത്തിനാലുമണിക്കൂറിനുള്ളില്‍ പെയ്തത്. തൊടുപുഴയിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്, 11 സെന്റീമീറ്റര്‍.

പെരുവന്താനത്ത് മഴയും കാറ്റും വ്യാപകമായ നാശം വിതച്ചു. ഉരുള്‍പൊട്ടലില്‍ ആളപായമൊന്നുമില്ല. കണയങ്കവയല്‍, മതമ്പ, നെടിയോരം, ആനചാരി, തെക്കേമല, വെള്ളാനി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. മതമ്പ-കണയങ്കവയല്‍ റോഡ് ഉരുള്‍പൊട്ടലില്‍ മുറിഞ്ഞു. കെ.കെ. റോഡ്, പെരുവന്താനം-ആനചാരി, മുറിഞ്ഞപുഴ, കണയങ്കവയല്‍, ചുഴുപ്പ്-നെടിയോരം, മതമ്പ-കണയങ്കവയല്‍ റോഡുകളില്‍ മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. ഉച്ചയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. മേഖലയിലെ വൈദ്യുതിബന്ധം തകര്‍ന്നു. പതിനഞ്ച് ഏക്കര്‍ സ്ഥലത്തെ കൃഷി പൂര്‍ണമായും നശിച്ചു. നാശനഷ്ടങ്ങളുടെ കണക്ക് എടുത്തു. ഉരുള്‍പൊട്ടല്‍ പെരുവന്താനത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തി. വില്ലേജ് ഓഫീസര്‍, രാജേന്ദ്രന്‍, റവന്യു ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് കോഴിമല എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

തൊടുപുഴ താലൂക്കില്‍ ഒരു വീട് പൂര്‍ണമായും രണ്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. അറക്കുളത്ത് നെടുങ്ങമാട്ടില്‍ ഗീതയുടെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. കീരികോട് വില്ലേജില്‍ തട്ടാരുകുഴിയില്‍ ആര്‍. ഹരിഹരന്റെ അടുക്കള പൂര്‍ണമായും തകര്‍ന്നു. കുമാരമംഗലം വില്ലേജിലും ഒരു വീട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ഉടുമ്പന്നൂര്‍, ഇടമറുക് ഭാഗങ്ങളില്‍ അഞ്ചോളം വീടുകളില്‍ വെള്ളം കയറി.

മൂലമറ്റം ആശ്രമം ഭാഗത്തും ഇടുക്കി റോഡില്‍ കരിപ്പലങ്ങാട് ഭാഗത്തും മണ്ണിടിഞ്ഞ് റോഡില്‍ വീണതിനെ തുടര്‍ന്ന് മൂന്നുമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് വൈകീട്ടോടെ ഗതാഗതം പുനഃസ്ഥാപിച്ചു.

കൊന്നത്തടി പഞ്ചായത്തിലെ മുനിയറയില്‍ കരിമല റോഡില്‍ ടാറിങ് ഇടിഞ്ഞു താഴ്ന്നു. സ്‌കൂള്‍ കവലയ്ക്കു മുകളിലുള്ള ഭാഗത്തെ കൊടുംവളവിനു താഴെയാണ് റോഡിന്റെ പകുതിഭാഗം ടാറിങ് കുഴിഞ്ഞ് നില്‍ക്കുന്നത്.

കല്ലാര്‍കുട്ടി മൈലാടുംപാറ റോഡില്‍ ഇഞ്ചപ്പതാലില്‍ മണ്ണിടിഞ്ഞ് മൂന്നു മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. മുതിരപ്പുഴ എല്‍.പി. സ്‌കൂള്‍ പടി മുതല്‍ കമ്പളികണ്ടം വരെയുള്ള ഭാഗത്ത് റോഡില്‍ പലയിടത്തും അപകടഭീഷണി നിലനില്‍ക്കുന്നു. നെടിയാനിക്കല്‍ ബാബുവിന്റെ വീടിനോട് ചേര്‍ന്ന് മുറ്റമുള്‍പ്പടെയുള്ള ഭാഗം ഇടിഞ്ഞുവീണാണ് തടസ്സപ്പെട്ടത്. വീട് അപകട ഭീഷണിയിലാണ്. കമ്പളികണ്ടം പാറത്തോട് റോഡിലും പാറത്തോട് പണിക്കന്‍കുടി റോഡില്‍ കയറ്റത്തിനോടു ചേര്‍ന്ന് മണ്ണിടിച്ചിലുണ്ടായി.

കൊന്നത്തടി, വാത്തിക്കുടി, നെടുങ്കണ്ടം പഞ്ചായത്തുകളിലെ അതിര്‍ത്തി പ്രദേശങ്ങളിലും മണ്ണിടിച്ചിലുണ്ടായി. പരിഞ്ചാംകുട്ടി-പൊന്നാമല റോഡില്‍ പൊന്നോലിക്കുന്നേല്‍ പടിയിലും ബഥേല്‍റോഡില്‍ കുരിശടിപ്പാലത്തിനു സമീപവും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. പുതുതായി നിര്‍മാണം നടക്കുന്ന മാവടി- പെരിഞ്ചാംകുട്ടി റോഡിന്റെ പല ഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. മുള്ളരിക്കുടി ഈട്ടിത്തോപ്പ് റോഡ് ചെളിനിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായി.

ഇടുക്കി ഡാമിനടുത്ത് തങ്കമണി റോഡരുകില്‍ പാറശ്ശേരി ജോസിന്റെ വീടിന്‍െ സംരക്ഷണ ഭിത്തി ഇടിഞ്ഞു. ഇത് റോഡിലേക്ക് വീണത് ഗതാഗത തടസ്സത്തിനിടയാക്കി. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. തൊടുപുഴ പുളിയന്‍മല സംസ്ഥാന പാതയില്‍ കരിപ്പിലങ്ങാട് മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു.

കൊച്ചി-മധുര ദേശീയപാതയില്‍ ബോഡിമെട്ടിനടുത്തും പൂപ്പാറ-നെടുങ്കണ്ടം പാതയില്‍ ഉടുമ്പന്‍ചോല വരെയും രാജാക്കാട് അടിമാലി പാതയില്‍ പൊന്‍മുടി, വെള്ളത്തൂവല്‍ ഭാഗങ്ങളിലും കുത്തുങ്കല്‍ മാരാര്‍സിറ്റി ഭാഗത്തും മണ്ണിടിഞ്ഞ് വീണു. വീതി കുറവുള്ള പാതകളില്‍ വാഹന ഗതാഗതം ബുദ്ധിമുട്ടായി.

അടിമാലി മേഖലയില്‍ അഞ്ചു വീട് ഭാഗികമായി തകര്‍ന്നു. രണ്ടിടത്ത് റോഡിലേക്ക് മണ്ണിടിഞ്ഞ് ഉച്ചവരെ ഗതാഗതം തടസ്സപ്പെട്ടു. ഡാമുകള്‍ നിറഞ്ഞുകവിഞ്ഞ് വിവിധസ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. കൃഷിനാശവുമുണ്ടായി.

അടിമാലി വില്ലേജിന് കീഴിലെ ഇരുമ്പുപാലം, മെഴുകുംചാല്‍ ഭാഗത്ത് ചുള്ളപള്ളിയില്‍ ശ്രീധരന്റെ വീടിന് മുകളിലേയ്ക്ക് വലിയ പുളിമരം ഒടിഞ്ഞ് വീണ് വീട് ഭാഗികമായി തകര്‍ന്നു. പുളിമരം വൈദ്യുതി ലൈനില്‍ വീണ് മെഴുകുംചാല്‍ റോഡിലെ മൂന്ന് വൈദ്യുതി പോസ്റ്റ് നിലം പതിച്ചു. ശനിയാഴ്ച രാത്രി മുതല്‍ ഇവിടത്തെ വൈദ്യുതി ബന്ധം നിലച്ചിട്ടുണ്ട്. വെള്ളത്തൂവല്‍ വില്ലേജ് അതിര്‍ത്തിയില്‍ രണ്ടിടത്ത് റോഡിലേയ്ക്ക് മണ്ണിടിഞ്ഞാണ് ഗതാഗതം തടസ്സപ്പെട്ടത്. വെള്ളത്തൂവല്‍- കൊന്നത്തടി റോഡില്‍ പൈപ്പ് ലൈന്‍ ഭാഗത്ത് മണ്ണിടിഞ്ഞ് ഞായറാഴ്ച ഉച്ചവരെ ഗതാഗതംതടസ്സപ്പെട്ടു. കല്ലാര്‍കുട്ടി- കമ്പിളികണ്ടം റോഡില്‍ കമ്പിലൈനിലും റോഡില്‍ മണ്‍തിട്ട ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. വെള്ളത്തൂവല്‍-അടിമാലി റോഡില്‍ വെള്ളത്തൂവല്‍ പോലീസ്‌സ്റ്റേഷന് സമീപം യാക്കോബായ പള്ളിക്ക് മുന്‍വശത്തും മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി. അടിമാലി, വെള്ളത്തൂവല്‍ പ്രദേശങ്ങളില്‍ വ്യാപക കൃഷി നാശവും ഉണ്ടായിട്ടുണ്ട്. കാപ്പി, കുരുമുളക്, കൊക്കോ എന്നിവ നശിച്ചിട്ടുണ്ട്. വെള്ളത്തൂവല്‍, കുത്തുപാറ തൊണ്ടിനേത്ത് അബ്രാഹാമിന്റെ വീടിന്റെ മുന്‍വശത്തെ മണ്‍തിട്ട ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. റോഡിന് വീതി കൂട്ടിയപ്പോള്‍ മണ്‍തിട്ട എടുത്ത ഭാഗമാണ് ഇപ്പോള്‍ ഇടിഞ്ഞത്. വെള്ളത്തൂവല്‍ ചിത്തിനാപിള്ളി ഷിന്റോയുടെ വീടും മണ്ണിടിഞ്ഞ് അപകടാവസ്ഥയിലാണ്.

പന്നിയാര്‍കുട്ടി, ചുരുളിയില്‍ ചന്ദ്രന്റെ വീടിന് പിന്‍ഭാഗത്ത് പി.ഡബ്ല്യു.ഡി. റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നുവീണ് വീട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. അടിമാലി മേഖലയിലെ പൊന്‍മുടി, കല്ലാര്‍കുട്ടി, ചെങ്കുളം, ആനയിറങ്കല്‍ ഡാമുകളും നിറഞ്ഞു കവിഞ്ഞിട്ടുണ്ട്.

പീരുമേട്, പെരുവന്താനം എന്നിവിടങ്ങളില്‍ മണ്ണിടിഞ്ഞുവീണും മരം പിഴുതുവീണും കൊല്ലം- തേനി ദേശീയ പാതയില്‍ നാലുമണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. പീരുമേട്ടില്‍ സ്വകാര്യ വ്യക്തി മലമുകളിലേക്ക് വെട്ടിയ റോഡിന്റെ ഭാഗമാണ് ഇടിഞ്ഞു വീണത്. പെരുവന്താനം അമലഗിരിയില്‍ വന്‍മരം പിഴുതു വീണതിനെത്തുടര്‍ന്ന് പകല്‍ പത്തു മുതല്‍ പന്ത്രണ്ടുവരെ ഗതാഗതം നിലച്ചു. മൂന്ന് വൈദ്യുതത്തൂണുകളും തകര്‍ന്നതിനാല്‍ വൈദ്യുതി ബന്ധം താറുമാറായി. യന്ത്രസഹായത്താല്‍ മണ്ണ് നീക്കി.

പെരുവന്താനത്ത് തെക്കേമല പുതിയാപ്പുറത്ത് ഫിലിപ്പ്, ഈറ്റപ്പുറം ജോണി എന്നിവരുടെ വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഇവിടെ കാറ്റിലും മഴയിലും 40 വീടിന് നാശമുണ്ടായി. തെക്കേമല, വെള്ളാനി, വാകമല, കാനമല, കണയങ്കവയല്‍, മതമ്പ, ചുഴിപ്പ്, ആനച്ചാലി, എന്നീ സ്ഥലങ്ങളില്‍ ചെറുതും വലുതുമായ നിരവധി ഉരുള്‍പ്പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് വിവിധ പ്രദേശങ്ങളിലേക്കുള്ള ഗതാഗതം മണിക്കൂറുകളോളം മുടങ്ങി. തോടുകളും അരുവികളും നിറഞ്ഞൊഴുകി മിക്ക പാലങ്ങളും കലുങ്കുകളും വെള്ളത്തിനടിയിലായി. 10 ലക്ഷത്തോളം രൂപയുടെ കൃഷിനാശവും സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.

കൊല്ലം - തേനി ദേശീയപാതയിലും വെള്ളം കയറി ഗതാഗതതടസ്സമുണ്ടായി. ദേശീയപാതയില്‍ വണ്ടിപ്പെരിയാറിലും നെല്ലിമലയ്ക്കുമിടയില്‍ എല്ലാ വര്‍ഷവും വെള്ളം കയറുന്ന ഭാഗത്തെ റോഡിലാണ് ഞായറാഴ്ച വെളുപ്പിന് മൂന്നുമണി മുതല്‍ ഗതാഗത തടസ്സമുണ്ടായത്. വാളാര്‍ഡി ഭാഗത്തുനിന്ന് വണ്ടിപ്പെരിയാറിലേക്കൊഴുകുന്ന തോട് നിറഞ്ഞാണ് വെള്ളം റോഡില്‍ കയറിയത്. തോടും റോഡും കൈയേറി ഇവിടെ നിര്‍മിച്ചിരിക്കുന്ന വീടുകള്‍ നീക്കംചെയ്യാത്തതാണ് എല്ലാ വര്‍ഷവും റോഡില്‍ വെള്ളം കയറി ഗതാഗത തടസ്സത്തിന് കാരണമാകുന്നത്.എല്ലാ വര്‍ഷവും മഴക്കാലത്ത് ഇവിടെ ഗതാഗതതടസ്സമുണ്ടായിട്ടും ദേശീയപാതാ അധികൃതര്‍ മൗനംപാലിക്കുകയാണ്. ഞായറാഴ്ച ഉച്ചയോടെയാണ് ഗതാഗതം പുനരാരംഭിക്കാനായത്.

2011, ജൂൺ 6, തിങ്കളാഴ്‌ച

ദുരിതമഴ: അരക്കോടിയുടെ നാശം

തൊടുപുഴ: കാലവര്‍ഷം ശക്‌തമായതോടെ ജില്ലയുടെ കാര്‍ഷിക മേഖലയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായത്‌ വന്‍നാശനഷ്‌ടം. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ അഞ്ചുമാസത്തിനിടെ പകര്‍ച്ച വ്യാധികള്‍ പിടിപെട്ട്‌ ചികിത്സ തേടിയവരുടെ എണ്ണത്തില്‍ വന്‍ കുറവ്‌ ഉണ്ടായിട്ടുണ്ട്‌. ഡോക്‌ടര്‍മാരുടെയും ഫീല്‍ഡ്‌ സ്‌റ്റാഫിന്റെയും നിസഹകരണ സമരംമൂലമാണ്‌ രോഗബാധിതരുടെ യഥാര്‍ഥ കണക്ക്‌ ലഭ്യമാകാത്തത്‌.
ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വീടു തകര്‍ന്നും കാര്‍ഷികവിള നശിച്ചും 48.52 ലക്ഷം രൂപയുടെ നഷ്‌ടമാണ്‌ ഉണ്ടായത്‌. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്‌ ജനുവരി മുതല്‍ കഴിഞ്ഞ മാസം വരെ പനിയും മറ്റു പകര്‍ച്ച വ്യാധികളും പിടിപെട്ട്‌ 20,491 പേരാണ്‌ ചികിത്സ തേടിയത്‌. 2010 ല്‍ ഇത്‌ 35,223 ആയിരുന്നു. കഴിഞ്ഞവര്‍ഷം പ്രകൃതിക്ഷോഭത്തിലും പകര്‍ച്ചവ്യാധികള്‍ ബാധിച്ചും 21 ജീവനാണ്‌ പൊലിഞ്ഞത്‌. ഇത്തവണ മരണമൊന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. ജില്ലയില്‍ ഇതുവരെ 31.37 ലക്ഷം രൂപയുടെ കൃഷിനാശമാണ്‌ ഉണ്ടായത്‌. വീടു തകര്‍ന്ന്‌ 1.35 ലക്ഷത്തിന്റെ നഷ്‌ടമുണ്ടായി. 22 വീടുകളാണ്‌ തകര്‍ന്നത്‌. ഇതില്‍ 19 എണ്ണം ഭാഗികമായും മൂന്നെണ്ണം പൂര്‍ണമായും നശിച്ചു. ഇവയില്‍ രണ്ടെണ്ണം പീരുമേട്ടിലും ഒരെണ്ണം തൊടുപുഴയിലുമാണ്‌.
ശരാശരി മഴമാത്രമാണ്‌ ജില്ലയില്‍ ലഭിച്ചത്‌. ഇന്നലെവരെ 26 സെന്റീമീറ്റര്‍ മഴ ലഭിച്ചു. കലയന്താനിയിലും കല്‍ത്തൊട്ടിയിലും ഉരുള്‍പൊട്ടി കൃഷിനാശമുണ്ടായി. കലയന്താനിയില്‍ രണ്ടേക്കറിലെയും കല്‍ത്തൊട്ടിയില്‍ അരയേക്കറിലെയും കൃഷി നശിച്ചു.
കഴിഞ്ഞവര്‍ഷം പനി ബാധിച്ച്‌ 12 പേരും പ്രകൃതിക്ഷോഭത്തില്‍ ഒന്‍പതുപേരുമാണ്‌ മരിച്ചത്‌. ഏറ്റവും കൂടുതല്‍ പേര്‍ എലിപ്പനി ബാധിച്ചാണ്‌ മരിച്ചത്‌. ഒന്‍പതു പേര്‍. കൂടാതെ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, ചിക്കുന്‍ ഗുനിയ എന്നീ രോഗങ്ങള്‍ ബാധിച്ച്‌ ഓരോരുത്തരും മരിച്ചിരുന്നു. ഈ വര്‍ഷം പനി ബാധിച്ചുള്ള മരണം റിപ്പോര്‍ട്ടു ചെയ്‌തിട്ടില്ല. ഇത്തവണ ഏറ്റവും കൂടതല്‍ പേര്‍ ചികിത്സ തേടിയത്‌ വയറിളക്കം ബാധിച്ചാണ്‌. ഈ രോഗം ബാധിച്ച്‌ കഴിഞ്ഞവര്‍ഷം 6199 പേരും ഇത്തവണ 3671 പേരുമാണ്‌ ചികിത്സ തേടിയത്‌.
കഴിഞ്ഞ തവണ ഒന്‍പതുപേരുടെ മരണത്തിനിടയാക്കിയ എലിപ്പനിയുടെ ലക്ഷണം ഇത്തവണ 23 പേരില്‍ കണ്ടെത്തി. പക്ഷേ നാലുപേരില്‍ മാത്രമേ സ്‌ഥിരീകരിച്ചുള്ളു. കഴിഞ്ഞ വര്‍ഷം 13 പേരിലാണ്‌ എലിപ്പനി സ്‌ഥിരീകരിച്ചത്‌. 2010 ല്‍ ചിക്കന്‍ പോക്‌സ് ബാധിച്ച്‌ 717 പേരും ഈവര്‍ഷം 523 പേരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഇത്തവണ എട്ടു പേരില്‍ ഡെങ്കിപ്പനി സ്‌ഥിരീകരിക്കുകയും 28 പേരില്‍ രോഗലക്ഷണം കണ്ടെത്തുകയും ചെയ്‌തു. 2010 ല്‍ 56 പേരില്‍ ഈ രോഗം സ്‌ഥിരീകരിക്കുകയും 31 പേരില്‍ സംശയിക്കപ്പെടുകയും ചെയ്‌തിരുന്നു. കഴിഞ്ഞവര്‍ഷം 18 പേര്‍ക്കും ഇത്തവണ 12 പേര്‍ക്കും മലേറിയ ബാധിച്ചു. 2010 ല്‍ 39 പേര്‍ക്കു ബാധിച്ച മഞ്ഞപ്പിത്തം ഇത്തവണ എട്ടുപേരിലായി ചുരുങ്ങിയത്‌ ആശ്വാസം പകരുന്നു. കൂടാതെ ഇത്തവണ 18 പേര്‍ക്ക്‌ ടൈഫോയ്‌ഡും ബാധിച്ചിട്ടുണ്ട്‌. ഇപ്രാവശ്യം രണ്ടുപേരില്‍ രോഗലക്ഷണം കണ്ടെത്തിയെങ്കിലും ചിക്കുന്‍ ഗുനിയ സ്‌ഥിരീകരിച്ചിട്ടില്ല.രോഗപ്രതിരോധത്തിന്റെ ഭാഗമായി ഗര്‍ഭിണികള്‍ ജലദോഷം വന്നാല്‍പോലും എച്ച്‌1 എന്‍1 രോഗത്തിനുള്ള മരുന്ന്‌ കഴിക്കണമെന്ന്‌ ഡോക്‌ടര്‍മാര്‍ നിര്‍ദേശിക്കുന്നു.
ഗര്‍ഭിണികളില്‍ പ്രതിരോധശേഷി കുറവായതിനാല്‍ ഈ രോഗം വേഗത്തില്‍ പിടിപെടാന്‍ സാധ്യതയുണ്ട്‌. കൂടാതെ തൊഴിലുറപ്പ്‌ പദ്ധതി പ്രകാരം പണിയെടുക്കുന്നവരും ശ്രദ്ധിക്കണമെന്നും ഇവര്‍ പറയുന്നു. എലിപ്പനിക്കെതിരേയുള്ള മരുന്ന്‌ ഉപയോഗിക്കാനും നിര്‍ദേശിക്കുന്നുണ്ട്‌.
രോഗപ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഡോക്‌ടര്‍മാരും ഫീല്‍ഡ്‌ സ്‌റ്റാഫും നടത്തുന്ന സമരം ഇതിനെ സാരമായി ബാധിക്കുമെന്ന്‌ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌.
രോഗബാധിതരുടെ കൃത്യമായ വിവരം ആരോഗ്യ വിഭാഗത്തിന്‌ ലഭിക്കാത്തതിനാല്‍ ഏതെങ്കിലും മേഖല കേന്ദ്രീകരിച്ച്‌ രോഗങ്ങള്‍ പടര്‍ന്നാലും കണ്ടെത്താന്‍ കഴിയാത്ത സ്‌ഥിതിയാണ്‌. മാസങ്ങളായുള്ള സമരം അവസാനിപ്പിക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല. പ്രതിരോധ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്തുന്നുണ്ടെന്നാണ്‌ അധികൃതരുടെ ഭാഷ്യം.

2011, ജൂൺ 4, ശനിയാഴ്‌ച

കൂറ്റന്‍പാറ അടര്‍ന്നു വീണ്‌ ഏക്കറുകണക്കിന്‌ കൃഷിയിടം നശിച്ചു

വണ്ണപ്പുറം: പടിക്കകത്തിനു സമീപം കോട്ടപ്പാറ മലയില്‍ നിന്നും കൂറ്റന്‍പാറ അടര്‍ന്നു വീണ്‌ ഏക്കറുകണക്കിന്‌ കൃഷിയിടം നശിച്ചു. വ്യാഴാഴ്‌ച വൈകിട്ട്‌ ഏഴുമണിയോടെയാണ്‌ സംഭവം. കൂറ്റന്‍പാറ അടര്‍ന്ന്‌ പല ഭാഗങ്ങളായി ചിന്നി ചിതറി മുണ്ടന്‍മുടി ഭാഗത്തേക്ക്‌ പതിക്കുകയായിരുന്നു. രണ്ടു കിലോമീറ്ററോളം ദൂരത്തില്‍ വലിയ പാറകഷണങ്ങള്‍ കൃഷിയിടങ്ങളില്‍ പതിച്ചു. തലനാരിഴയ്‌ക്കാണ്‌ ആളുകള്‍ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്‌. ഈ മേഖലയിലെ നിരവധിയാളുകളുടെ റബര്‍മരങ്ങള്‍, തെങ്ങ്‌, കമുക്‌, കൊക്കോ, വാഴ തുടങ്ങിയവ പാറ വീണ്‌ നശിച്ചു. മുളക്കശ്ശേരില്‍ ജോസുകുട്ടിയുടെ 250 ഓളം റബര്‍ മരങ്ങളും തെങ്ങ്‌ കമുക്‌, കൊക്കോ എന്നിവയ്‌ക്കും നാശനഷ്‌ടം സംഭവിച്ചു. വലിയപറമ്പില്‍ തങ്കച്ചന്‍, മുളക്കശ്ശേരില്‍ ഷാജി, മുളക്കശേരില്‍ വത്സമ്മ, പ്ലാക്കല്‍ ജോസ്‌ എന്നിവരുടെ കൃഷിദേഹണ്‌ഡങ്ങളും നശിച്ചു. ഏക്കറുകണക്കിന്‌ കൃഷിദേഹണ്‌ഡങ്ങളാണ്‌ ഈ മേഖലയില്‍പാറ വീണ്‌ നശിച്ചിരിക്കുന്നത്‌. വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി വര്‍ഗീസ്‌, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഇന്ദു സുധാകരന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം റ്റി.എസ്‌ സിദ്ധാര്‍ത്ഥന്‍, വില്ലേജ്‌ കൃഷി ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. 50 ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടം സംഭവിച്ചതായി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി വര്‍ഗീസ്‌ അറിയിച്ചു.

2011, ജൂൺ 3, വെള്ളിയാഴ്‌ച

അടിമാലിയില്‍ `ദുരിതവര്‍ഷം'

അടിമാലി: കാലവര്‍ഷം കനത്തതോടെ ആറു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചില്ലിത്തോട്‌ മേലേത്തു ശാന്തമ്മ, പടിക്കപ്പ്‌ മറ്റനാനില്‍ ഓമനകുമാരന്‍, പത്താംമൈല്‍ കുന്നേല്‍ റെജി ജേക്കബ്‌, ഒഴുവത്തടം പുല്ലലാട്ട്‌ ബിന്ദു പ്രമോദ്‌, ഇരുമ്പുപാലം തോണിപ്പാറ ശ്രീധരന്‍, ഇരുന്നൂറേക്കര്‍ ചാവര്‍നാല്‍ ഷാജി എന്നിവരുടെ വീടുകളാണു ഭാഗികമായി തകര്‍ന്നത്‌.വെള്ളത്തൂവല്‍ കുത്തുപാറ പുത്തന്‍പുരയ്‌ക്കല്‍ നാരായണന്റെ വീട്‌ കനത്ത മഴയില്‍ ഭാഗികമായി തകര്‍ന്നു.

മാങ്കുളത്തു മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്‌. പെരുമ്പന്‍കുത്ത്‌ കടംതോട്ടത്തില്‍ ജോയിക്കുട്ടി, വിരിപാറ പന്തനാനിക്കല്‍ ബേബി ചാക്കോ, ആനക്കുളം ഭാരതിയമ്മ, മാരിയപ്പന്‍ എന്നിവരുടെ വീടുകളാണു ഭാഗികമായി തകര്‍ന്നത്‌. 


കനത്ത മഴയില്‍ ദേവികുളം താലൂക്കില്‍ ഇരുപതോളം വീടുകള്‍ക്കു നാശനഷ്‌ടമുള്ളതായി കണക്ക്‌.കഴിഞ്ഞ ഒന്നിനു 18 സെന്റിമീറ്റര്‍ മഴ ലഭിച്ചെങ്കില്‍ ഇന്നലെ രാവിലത്തെ കണക്കു പ്രകാരം എട്ടു സെന്റിമീറ്റര്‍ മാത്രമാണു ലഭിച്ചത്‌.മന്നാംകണ്ടം വില്ലേജില്‍ വാളറ, പഴമ്പിള്ളിച്ചാല്‍ എന്നിവിടങ്ങളില്‍ ഒന്‍പതു വീടുകള്‍ ഭാഗികമായി നശിച്ചു. 15 പേരുടെ സ്‌ഥലത്തു മണ്ണിടിഞ്ഞു നാശനഷ്‌ടം ഉണ്ടായി. കൊട്ടക്കാമ്പൂരില്‍ ഒരു വീട്‌ പൂര്‍ണമായും മൂന്നെണ്ണം ഭാഗികമായും നശിച്ചു. വെള്ളത്തൂവലിലും വട്ടവടയിലും ഓരോ വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചിലന്തിയാറില്‍ ഉണ്ടായിരുന്ന മരപ്പാലം ഒലിച്ചുപോയി.  

കാലവര്‍ഷം തകര്‍ത്തെറിഞ്ഞത്‌ വീടെന്ന സ്വപ്‌നം

കട്ടപ്പന: കാലവര്‍ഷം തകര്‍ത്തെറിഞ്ഞത്‌ വര്‍ക്കിയുടെ വീടെന്ന സ്വപ്‌നം. നീണ്ട കാത്തിരിപ്പിനൊടുവിലാണ്‌ ഏലപ്പാറ - കടുവാപ്പാറ സ്വദേശി മുത്തുകുഴിയില്‍ വര്‍ക്കിക്ക്‌ തല ചായ്‌ക്കാന്‍ ഒരു കൊച്ചുവീട്‌ സ്വന്തമായത്‌. കഴിഞ്ഞ ദിവസം ശക്തമായുണ്ടായ കാറ്റും മഴയും തകര്‍ത്തെറിഞ്ഞത്‌ ഒരു കുടുംബത്തിന്റെ മുഴുവന്‍ സ്വപ്‌നങ്ങളായിരുന്നു. ഇ.എം.എസ്‌ ഭവനപദ്ധതി പ്രാകരം 140000 രൂപ ചെലവഴിച്ച്‌ പണിത വീടാണ്‌ തകര്‍ന്നടിഞ്ഞത്‌. ശക്തമായ മഴയിലും കാറ്റിലും വീടിന്റെ മേല്‍കൂര ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ കയറികിടക്കാന്‍ ആകെയുണ്ടായിരുന്നു ആശ്രയവും നഷ്‌ടമായതിന്റെ ആഘാതത്തിലാണീ കുടുംബം. വര്‍ക്കിയും ഭാര്യ വത്സമ്മയും രണ്ട്‌ മക്കളുമാണ്‌ ഇവിടെ താമസിക്കുന്നത്‌. പ്രായത്തിന്റെ അവശതകള്‍ മൂലം വര്‍ക്കിക്ക്‌ തൊഴിലെടുക്കാനാവില്ല. മകന്‍ തമ്പി തിരുപ്പൂരിലാണ്‌. വത്സമ്മ കൂലിപ്പണിയെടുത്ത്‌ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ്‌ ഇവരുടെ ജീവിതം മുമ്പോട്ട്‌ പോകുന്നത്‌. ഏകദേശം ഒരു തക്ഷത്തോളം രൂപയുടെ നഷ്‌ടമാണ്‌ ഈ കുടുംബത്തിനുണ്ടായിരിക്കുന്നത്‌. പുതുതായി പണി കഴിപ്പിച്ച വീട്ടില്‍ മൂന്നുമാസം പോലും തികച്ച്‌ താമസിക്കാന്‍ ഈ കുടുംബത്തിനായിട്ടില്ല. നീണ്ട നാളുകള്‍ക്കൊടുവില്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമായെങ്കിലും പ്രകൃതിയുടെ സംഹാരതാണ്‌ഡവത്തില്‍ സര്‍വ്വതും നഷ്‌ടപ്പെട്ട്‌ കയറികിടക്കാനിടമില്ലാതായ ഈ കുടുംബമിപ്പോള്‍ സര്‍ക്കാരിന്റെ കനിവിനായി കാത്തിരിക്കുകയാണ്‌.

ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും

തൊടുപുഴ: കാലവര്‍ഷം കനത്തതോടെ ഇടുക്കി ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. പലയിടത്തും വ്യാപക കൃഷിനാശമുണ്ടായതോടെ കര്‍ഷകര്‍ ദുരിതത്തിലായി. കാറ്റിലും മഴയിലും വൈദ്യുത- ടെലിഫോണ്‍ ബന്ധങ്ങള്‍ താറുമാറായി. അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ന്നു. വെള്ളിയാമറ്റം പഞ്ചായത്തിലെ കൊന്താലപ്പള്ളിക്ക്‌ സമീപം ഉരുള്‍പൊട്ടി രണ്ടേക്കര്‍ കൃഷി നശിച്ചു. ഏലം, കാപ്പി, കുരുമുളക്‌, വാഴ വിളകളും വ്യാപകമായി നശിച്ചു. മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ മണ്ണിടിഞ്ഞ്‌ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

കാലവര്‍ഷം ശക്‌തമായതോടെ ഇടുക്കി ജലസംഭരണികളില്‍ ജലനിരപ്പുയര്‍ന്നു. ഇന്നലെ രാവിലെ എട്ടിന്‌ അണക്കെട്ടിലെ ജലനിരപ്പ്‌ 2319.58 അടിയായിരുന്നു. മുന്‍വര്‍ഷം ഇതേ ദിവസം ഇത്‌ 2311.3 അടിമാത്രമായിരുന്നു. ജലനിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടര്‍ ഇന്നലെ പുലര്‍ച്ചെ തുറന്നു. ഹൈറേഞ്ചില്‍ കാലവര്‍ഷം ശക്‌തിപ്പെട്ടതിനെത്തുടര്‍ന്നു പെരിയാര്‍ കരകവിഞ്ഞൊഴുകുകയാണ്‌. പെരിയാറിന്റെ തീരമേഖലകളില്‍ കൃഷി ചെയ്‌തിരുന്ന ഒട്ടേറെ കാര്‍ഷിക വിളകള്‍ വെള്ളത്തില്‍ മുങ്ങി. ബുധനാഴ്‌ച രാത്രിയില്‍ പെയ്‌ത കനത്ത മഴയിലാണു പെരിയാര്‍ കരകവിഞ്ഞൊഴുകിയത്‌. തീരമേഖലകളില്‍ കൃഷി ചെയ്‌തിരുന്ന കപ്പയും വാഴയും ഉള്‍പ്പെടെയുള്ള വിളകളാണ്‌ വെള്ളംകയറി നശിച്ചത്‌. ഇതു കൂടാതെ മറ്റു പല സ്‌ഥലങ്ങളിലും കൃഷി ചെയ്‌തിരുന്ന ആയിരക്കണക്കിനു വാഴകളും കാറ്റിലും മഴയിലും നശിച്ചിട്ടുണ്ട്‌.

പഴയരിക്കണ്ടം
- തട്ടേക്കല്ല്‌ ഭാഗത്തുണ്ടായ ശക്‌തമായ കാറ്റിലും പേമാരിയിലും വ്യാപകമായ കൃഷിനാശം. കുലച്ച വാഴകളാണ്‌ നശിച്ചതിലേറെയും. കനത്ത മഴയില്‍ വട്ടവടയില്‍ വീണ്ടും വീടുകള്‍ തകര്‍ന്നു.ഏലപ്പാറ - ഉപ്പുതറ റൂട്ടില്‍ മണ്ണിടിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ തകരാറിലായി. താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി ഒരു ഡസനോളം വീടുകള്‍ ഭാഗീകമായി തകര്‍ന്നു. ഏലപ്പാറ പഞ്ചായത്ത്‌ ഹൈസ്‌കൂളിനു സമീപം മണ്‍തിട്ട ഇടിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു.

വെള്ളിയാമറ്റം പഞ്ചായത്തിലെ കലയന്താനി കൊന്താലപ്പള്ളിക്ക്‌ സമീപം ഉരുള്‍പൊട്ടി രണ്ടേക്കറോളം സ്‌ഥലത്തെ റബറും തേക്കും ഉള്‍പ്പെടെയുള്ള കൃഷികള്‍ നശിച്ചു. പറമ്പുകാട്ട്‌ മലയുടെ പടിഞ്ഞാറേ ഭാഗത്തിനു താഴ്‌ഭാഗത്താണ്‌ ഉരുള്‍പൊട്ടിയത്‌. മുണ്ടമറ്റം വര്‍ഗീസിന്റ ഉടമസ്‌ഥതയിലുള്ള റബര്‍ തോട്ടമാണ്‌ ഉരുളില്‍ നശിച്ചത്‌. പതിനഞ്ചേക്കര്‍ വരുന്ന തോട്ടത്തിന്റെ മുകള്‍ ഭാഗത്തുനിന്നാണ്‌ ഉരുള്‍ ഉത്ഭവിച്ചത്‌. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. തോട്ടത്തിനു മുകളിലുള്ള തേക്കു തോട്ടത്തില്‍നിന്ന്‌ ആരംഭിച്ച ഉരുള്‍ താഴേക്ക്‌ പതിക്കുകയായിരുന്നു. റബര്‍ തോട്ടത്തിന്റെ മധ്യഭാഗത്തുകൂടി താഴേക്ക്‌ ഒഴുകിയ ഉരുളില്‍ മുപ്പത്‌ തേക്കുകളും ഇരുനൂറോളം റബര്‍ മരങ്ങളും നശിച്ചു. വലിയ റബര്‍ തോട്ടത്തിന്റെ മധ്യഭാഗത്തുകൂടി ഉരുള്‍പോയതിനാല്‍ മറ്റ്‌ അപകടം ഉണ്ടായില്ല.

ഉരുളിനോടൊപ്പം എത്തിയ മലവെള്ളം തോട്ടത്തിനു നടുവിലുള്ള ചെറിയ തോട്ടിലൂടെ ഒഴുകുകയായിരുന്നു. മുകളില്‍നിന്ന്‌ താഴേക്ക്‌ പതിച്ച ഉരുളില്‍ ഒഴുകിയെത്തിയ മരങ്ങളും കല്ലും തോട്ടത്തില്‍ തന്നെയുള്ള ചെറിയ പാറയില്‍ തടഞ്ഞു നിന്നതിനാല്‍ താഴേക്ക്‌ കൂടുതല്‍ നാശം ഉണ്ടായില്ല. അല്‍പംകൂടി മാറിയാണ്‌ ഉരുള്‍ പോയതെങ്കില്‍ സമീപത്തെ രണ്ട്‌ വീടുകള്‍ക്ക്‌ വന്‍ ഭീഷണിയായി മാറിയേനെയെന്ന്‌ നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. റബര്‍ ഉള്‍പ്പെടെയുള്ള കൃഷികള്‍ നശിച്ചും മണ്ണ്‌ ഒലിച്ചുപോയും ലക്ഷങ്ങളുടെ നഷ്‌ടമാണ്‌ ഉണ്ടായിരിക്കുന്നത്‌. പതിറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ പറമ്പുകാട്ടു മലയില്‍ ഉരുള്‍പൊട്ടി വന്‍ നാശം നേരിട്ടിരുന്നു.

ഉരുള്‍ പൊട്ടലില്‍ വന്‍ കൃഷിനാശം ഉണ്ടായ വിവരം അറിഞ്ഞ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിബി ദാമോദരന്‍, മെംബര്‍മാരായ എം. മോനിച്ചന്‍, മനോജ്‌ തങ്കപ്പന്‍, വെള്ളിയാമറ്റം പഞ്ചായത്ത്‌ പ്രസിഡന്റ്‌ തങ്കമ്മ രാമന്‍, വൈസ്‌ പ്രസിഡന്റ്‌ എന്‍. വി. വര്‍ക്കി, പഞ്ചായത്ത്‌ മെംബര്‍മാരായ ജോയി മൈലാടി, മോഹന്‍ദാസ്‌ പുതുശേരി, മെര്‍ളി ജോസഫ്‌, ഷാജി വര്‍ഗീസ്‌, എം. ഐ. വിജയന്‍, ഷീബ രാജശേഖരന്‍, കൃഷി വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍, വില്ലേജ്‌ ഓഫിസര്‍ തുടങ്ങിയവര്‍ സ്‌ഥലത്ത്‌ എത്തിയിരുന്നു.

കുളമാവില്‍ ഭൂമി ഇടിഞ്ഞുതാണു
തൊടുപുഴ: പുതുതായി നിര്‍മാണം നടന്നുവരുന്ന വീടിനോടു ചേര്‍ന്നു ഭൂമി ഇടിഞ്ഞുതാണത്‌ ജനങ്ങളെ ആശങ്കയിലാക്കി. കുളമാവ്‌, പല്ലാങ്കല്‍ വര്‍ഗീസിന്റെ വീട്ടുമുറ്റത്താണ്‌ കിണറിന്റെ ആകൃതിയില്‍ ഭൂമി താഴ്‌ന്നത്‌. പുതിയതായി നിര്‍മിക്കുന്ന വീടിന്റെ മുറ്റത്ത്‌ ബുധനാഴ്‌ച വൈകിട്ട്‌ ചെറിയൊരു കുഴി രൂപപ്പെട്ടതായി വര്‍ഗീസിനു തോന്നി. ഇന്നലെ രാവിലെ എത്തിയപ്പോഴാണ്‌ ഇത്‌ 15 അടിയോളം താഴ്‌ചയില്‍ കിണറിന്റെ രൂപത്തില്‍ കാണപ്പെട്ടത്‌.



ഇഎംഎസ്‌ പദ്ധതിയില്‍ നിര്‍മാണം നടന്നുവരുന്ന വീട്‌ അപകട നിലയിലാകുമോ എന്നാണ്‌ വര്‍ഗീസിന്റെ ഭയം. വിവരം അറിഞ്ഞ്‌ വില്ലേജ്‌ ഓഫിസ്‌ അധികൃതര്‍ സ്‌ഥലത്ത്‌ എത്തിയിരുന്നു.